ഡ്രോസോഫില്ലം
ഡ്രോസോഫില്ലം | |
---|---|
Drosophyllum lusitanicum in the wild. | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | Drosophyllaceae |
Genus: | Drosophyllum |
Species: | D. lusitanicum
|
Binomial name | |
Drosophyllum lusitanicum (L.) Link
| |
Drosophyllum distribution | |
Synonyms | |
|
ഡ്രോസെറേസി (Droseraceae) സസ്യകുടുംബത്തിൽപ്പെടുന്ന കീടഭോജിസസ്യമാണ് ഡ്രോസോഫില്ലം. ശാസ്ത്രനാമം ഡ്രോസോഫില്ലം ലുസിറ്റാനിക്കം (Drosophyllum lusitanicum). പറങ്കികളുടെ സൂര്യതുഷാരം (Portuguese sundew)[1] എന്നറിയപ്പെടുന്ന ഈ സസ്യത്തിന് ഒരു സ്പീഷീസ് മാത്രമേയുള്ളൂ. മൊറോക്കോ, പോർട്ടുഗൽ, ഉത്തര സ്പെയിൻ എന്നിവിടങ്ങളിൽ ഇവ വളരുന്നു. മറ്റു കീടഭോജി സസ്യങ്ങളിൽ നിന്നു വ്യത്യസ്തമായി ഡ്രോസോഫില്ലം കടൽത്തീരങ്ങൾക്കടുത്ത് പാറക്കെട്ടുകൾ നിറഞ്ഞ കുന്നിൻ പ്രദേശങ്ങളിലാണ് ധാരാളമായി കാണുന്നത്. പൊതുവേ ക്ഷാരഗുണമുള്ള വരണ്ട മണ്ണാണ് ഇതിന്റെ വളർച്ചയ്ക്ക് അനുയോജ്യം.
രൂപവിവരണം
[തിരുത്തുക]കുറ്റിച്ചെടിപോലെ നിവർന്നു വളരുന്ന സസ്യമാണ് ഡ്രോസോഫില്ലം. വളർന്നു വലുതായ തണ്ടുകൾ ഭാരക്കൂടുതൽ മൂലം തറയിലേക്ക് ചരിഞ്ഞ് ഇഴഞ്ഞ് നീണ്ടു വളരുന്നു. അപൂർവമായി മാത്രം ശാഖിതമാകുന്ന തണ്ടുകൾക്ക് 30 സെ.മീ. മുതൽ ഒന്നര മീറ്റർ വരെ നീളമുണ്ടായിരിക്കും. തണ്ടുകളുടെ അഗ്രഭാഗത്ത് ഇലകൾ കൂട്ടമായി വളരുന്നു. തണ്ടുകളിലും ശാഖകളിലും ഇലകൾ കൊഴിഞ്ഞുപോയ വടുക്കൾ കാണാം.
20 സെ.മീറ്ററോളം നീളമുള്ള ഡ്രോസോഫില്ലത്തിന്റെ ഇലകൾ വളരെ നേർത്തതും ഇളം പച്ചനിറമുള്ളതുമായിരിക്കും. ഇലകളെല്ലാം ഒരു കേന്ദ്രത്തിൽ നിന്നു പുറപ്പെടുന്നവയാണെങ്കിലും അവ എല്ലാ വശങ്ങളിലേക്കും ചിതറി വിന്യസിച്ചിരിക്കുന്ന അവസ്ഥയിലായിരിക്കും. ഈ സവിശേഷത ഡ്രോസോഫില്ലത്തിന് ഒരു പൈൻ സസ്യത്തിന്റെ രൂപസാദൃശ്യം പ്രദാനം ചെയ്യുന്നു. ഇലകൾ നിറയെ മഞ്ഞുതുള്ളി പോലെയുള്ള ഒരു സ്രവം കാണപ്പെടുന്നതിനാൽ പോർച്ചുഗീസുകാർ ഈ സസ്യത്തെ ഡ്യുയീ പൈൻ (Dewy pine)[2] എന്നു വിളിക്കുന്നു. ഉപരിതലം കുഴിഞ്ഞ് അടിഭാഗം മുഴച്ചിരിക്കുന്ന ഇലകളുടെ തളിരുകൾ സ്പ്രിങ് പോലെ പുറത്തേക്ക് ചുരുണ്ടിരിക്കും. ഇലകൾ വളരുന്തോറും ചുരുളുകൾ നിവർന്നു വരുന്നു.
ഇരപിടിക്കുന്ന വിധം
[തിരുത്തുക]ഡ്രോസോഫില്ലത്തിന്റെ ഇലകളിൽ രണ്ടു വിധത്തിലുള്ള ഗ്രന്ഥികളാണുള്ളത്. ഇവ ആറു നിരകളിലായി ക്രമീകരിച്ചിരിക്കുന്നു. ഇലകളുടെ അടിവശത്ത് മധ്യഭാഗത്തായി രണ്ടുനിര ഗ്രന്ഥികളും ഇലകളുടെ രണ്ടു വശത്തേയും അരികുകളിലായി നാലുനിര ഗ്രന്ഥികളുമാണുള്ളത്. ഇലയുടെ അടിവശത്ത് മധ്യ ഭാഗത്തായി കാണപ്പെടുന്ന ഗ്രന്ഥികൾക്ക് താരതമ്യേന വലിപ്പം കൂടുതലാണ്. ഇലഞെട്ടുകളിൽ കടും ചുവപ്പു നിറത്തിൽ കുമിളകൾ പോലെ കാണപ്പെടുന്ന ഗ്രന്ഥികൾ പശിമയുള്ള സ്രവം (mucilage) പുറപ്പെടുവിക്കുന്നു. ഗ്രന്ഥികളുടെ ഉപരിതലത്തിൽ സ്രവം തങ്ങിനിൽക്കുമ്പോൾ ഗ്രന്ഥിക്ക് വലിപ്പക്കൂടുതൽ തോന്നിക്കും. ഇലകളുടെ അരികുകളിലെ ഗ്രന്ഥികൾ പുറപ്പെടുവിക്കുന്ന സ്രവത്തിന് തേനിന്റെ ഗന്ധമായിരിക്കും. കടും ചുവപ്പു നിറവും തേനിന്റെ മണവും പ്രാണികളെ സസ്യത്തിലേക്ക് ആകർഷിക്കാൻ സഹായിക്കുന്നു. ഗ്രന്ഥികളിൽ പറന്നു പറ്റുന്ന പ്രാണികൾ പശയുള്ള സ്രവത്തിൽ നിന്നു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയ്ക്ക് ഗ്രന്ഥിയുടെ കുമിളപോലെയുള്ള ഉപരിഭാഗം അടർന്നു പോകുകയും തത്ഫലമായി സ്രവിക്കപ്പെടുന്ന അധികസ്രവം പ്രാണിയെ പൊതിഞ്ഞ് കൊല്ലുകയും ചെയ്യുന്നു. ഇതോടൊപ്പം തന്നെ ദഹനഗ്രന്ഥികളും പ്രവർത്തനക്ഷമമാകുന്നു. ഇലകളുടെ ഉപരിതലത്തിൽ അവിടവിടെയായിട്ടാണ് ദഹനഗ്രന്ഥികൾ വിന്യസിച്ചിരിക്കുന്നത്. ഇവ ഉത്പാദിപ്പിക്കുന്ന ദഹനരസത്തിൽ പെറോക്സിഡേസ്, എസ്റ്ററേസ്, ആസിഡ് ഫോസ്ഫറ്റേസ്, പ്രോട്ടിയേസ് തുടങ്ങിയ എൻസൈമുകൾ അടങ്ങിയിരിക്കുന്നു.
പുഷ്പങ്ങൾ
[തിരുത്തുക]ഡ്രോസോഫില്ലത്തിന്റെ ശാഖാഗ്രങ്ങളിൽ ശൂലഗുച്ഛി (cymose) പുഷ്മഞ്ജരിയായിട്ടാണ് പുഷ്പങ്ങളുണ്ടാകുന്നത്. ഇവയുടെ പുഷ്പങ്ങൾക്ക് രണ്ടര സെ.മീറ്ററോളം വ്യാസമുണ്ടായിരിക്കും. കടും മഞ്ഞ നിറത്തിലുള്ള പുഷ്പങ്ങൾക്ക് ലോലമായ അഞ്ച് ദളങ്ങളും, 10-20 കേസരങ്ങളുമുണ്ടായിരിക്കും. കേസരതന്തുക്കൾ വ്യത്യസ്ത നീളത്തിലുള്ളവയാണ്. അഞ്ച് നേരിയ വർത്തികകളും ഇതിനുണ്ട്. ഫലം നേരിയ സംപുടം (capsule) ആണ്. നെടുകേ പൊട്ടിപ്പിളരുന്ന ഫലത്തിൽ നിന്ന് പയറുവിത്തിന്റെ ആകൃതിയിലുള്ള കറുത്ത വിത്തുകൾ പുറത്തേക്ക് ചിതറിത്തെറിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ http://www.bestcarnivorousplants.com/Drosophyllum_lusitanicum.htm The Portuguese Sundew (Drosophyllum lusitanicum Link.) in nature and cultivation
- ↑ http://www.cascadecarnivores.com/index.php?cPath=29 Dewy Pine Plants
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- [1] Images for drosophyllum
- http://www.sarracenia.com/faq/faq5280.html
- http://www.flytrapcare.com/drosophyllum-lusitanicum.html
വീഡിയോ
[തിരുത്തുക]കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഡ്രോസോഫില്ലം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |