[go: up one dir, main page]

Jump to content

ബാബർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബാബർ
ബാബറിന്റെ ഒരു ചിത്രം
യഥാർത്ഥ പേര്: സഹീറുദ്ദീൻ മുഹമ്മദ്.
കുടുംബപ്പേര്: തിമൂറുകൾ
തലപ്പേര്: മുഗൾ സാമ്രാജ്യചക്രവർത്തി
ജനനം: ഫെബ്രുവരി 14, 1483
മരണം: ഡിസംബർ 26, 1530
പിൻ‍ഗാമി: ഹുമായൂൺ
വിവാഹങ്ങൾ:
മക്കൾ:

മുഗൾ സാമ്രാജ്യത്തിന്റെ സ്ഥാപകനായിരുന്ന ബാബർ[ക], യഥാർത്ഥപേര് സഹീറുദ്ദീൻ മുഹമ്മദ് (1483 ഫെബ്രുവരി 14 – 1530 ഡിസംബർ 26, ആംഗലേയത്തിൽ Zāhir al-Dīn Mohammad, പേർഷ്യനിൽ: ظﮩیرالدین محمد بابر گوركاني‎ ; ഹിന്ദിയിൽ: ज़हिर उद-दिन मुहम्मद) പേർഷ്യയിലും മദ്ധ്യേഷ്യയിലും ഭരണം നടത്തിയ തുർക്കൊ-മംഗോൾ വംശിയായ യുദ്ധവീരൻ തിമൂറിന്റെ പിൻ‍ഗാമികളിൽ ഒരാളാണ് ബാബർ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം നിലനിന്ന മുസ്ലീം സാമ്രാജ്യമായിരുന്നു ബാബർ സ്ഥാപിച്ച മുഗൾ സാമ്രാജ്യം. സാഹസികനും യുദ്ധതന്ത്രജ്ഞനുമെങ്കിലും ബാബർ കലയിലും സാഹിത്യത്തിലും അങ്ങേയറ്റം തല്പരനായിരുന്നു[1]. നക്ഷബന്ദിയ്യ സൂഫി സരണി സ്വീകരിച്ചിരുന്ന ഇദ്ദേഹം ആധ്യാത്മികതയോടും പ്രതിപത്തി കാട്ടിയിരുന്നു.[2] [3] മദ്ധ്യേഷ്യയിലെ ഫർഗാനയിലെ തിമൂറി കുടുംബാംഗമായിരുന്ന ബാബർ, ഉസ്‌ബെക്കുകളുമായുള്ള പോരാട്ടത്തിൽ പരാജയപ്പെടുകയും തുടർന്ന് അവിടം വിട്ട് ഇന്ത്യയിലേക്കെത്തി മുഗൾ സാമ്രാജ്യത്തിന് അടിത്തറ പാകുകയും ചെയ്തു[4]. സാമ്രാജ്യസ്ഥാപകനെങ്കിലും കരുത്തുറ്റ ഒരു ഭരണകൂടം കെട്ടിപ്പടുക്കാൻ അദ്ദേഹത്തിനു സാധിച്ചിട്ടില്ല. ബാബറിന്റെ മരണശേഷം അദ്ദേഹത്തിന്റെ പുത്രൻ ഹുമയൂൺ ആണ് സാമ്രാജ്യത്തിൽ ശക്തമായ ഭരണക്രമം സ്ഥാപിച്ചത്. ബാബറിന്റെ യുദ്ധവീര്യം, പാനിപ്പത്ത്, ക്വേന, ഗൊഗ്രാ യുദ്ധങ്ങൾ നമ്മെ കാട്ടിത്തരുന്നു. [5]

പ്രാരംഭം

[തിരുത്തുക]

ഇന്നത്തെ ഉസ്ബെക്കിസ്താനിലെ ഫർഘാനയിലെ തിമൂറി ഭരണാധിപനായിരുന്ന ഉമർ ഷേഖ് മിർസയുടെ മൂത്തപുത്രനായാണ് സഹീർ ഉദ്-ദിൻ മുഹമ്മദ് എന്ന ബാബർ ജനിച്ചത്[4]. ഉമർ ഷേഖ്, തിമൂറിന്റെ പേരക്കുട്ടിയുടെ പേരക്കുട്ടിയാണ്.[6] മാതാവ് ക്വുത്ലക്ക് നെഗാർ ഖാനം താഷ്കെൻറിലെ യൂനുസ് ഖാന്റെ മകളും ജെംഗിസ് ഖാന്റെ പതിമൂന്നാംതലമുറയിലുള്ള നേർ പിന്തുടർച്ചാവകാശിയുമാണ്.[7]

ബാബറിന്റെ പിതാവിന് തിമൂറിന്റെ പിൻഗാമികൾ തമ്മിലുള്ള പരസ്പരമൽസരത്തിനു പുറമേ ഉയർന്നു വരുന്ന ഉസ്ബെക്കുകൾക്കെതിരെയും പോരാടേണ്ടി വന്നു. ചെങ്കിസ് ഖാന്റെ മൂത്ത പുത്രന്റെ വംശപരമ്പരയിലുള്ള ഷായ്ബാനി ഖാന്റെ നേതൃത്വത്തിലായിരുന്ന ഉസ്ബെക്കുകൾ തിമൂറികളെ തുര ത്തി സമർഖണ്ഡിൽ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു.[6]

1483-ൽ ആണ് സഹീറുദ്ദീൻ മുഹമ്മദ് (ബാബർ) ജനിച്ചത്. ബാബറിന്റെ ചെറുപ്പകാലത്തുതന്നെ ഉസ്ബെക്കുകൾ ട്രാൻസോക്ഷ്യാനയിൽ നിന്നും തിമൂറികളെ തുരത്തിയിരുന്നു. അധികം വൈകാതെ പിതാവ് മരിക്കുകയും (1494) പതിനൊന്നു വയസ്സുള്ള ബാബറിന് രാജ്യഭാരം ഏൽകേണ്ടതായും വന്നു. എന്നാൽ അദ്ദേഹത്തിന് പല വിധത്തിലുള്ള വിഷമങ്ങളും യാതനകളും അനുഭവിക്കേണ്ടതായും വന്നു[7].

പൂർവികനായ തിമൂറിന്റെ തലസ്ഥാനമായ സമർഖണ്ഡ് തിരികെ പിടിക്കണമെന്ന മോഹവും സ്വപ്നവും കൊണ്ടു നടന്നു. !--തിമൂറിനു ശേഷം മകനായ ചഗതായ് ഖാൻ[അവലംബം ആവശ്യമാണ്] രാജ്യം ഭരിച്ചെങ്കിലും അതിനുശേഷം പിന്മുറക്കാരെ തിരഞ്ഞെടുക്കാൻ വ്യക്തമായ മാർഗ്ഗരേഖകൾ ഇല്ലായിരുനു. ചഗതായ് ഖാന്റെ വംശത്തിൽ പെട്ട ബാബറിന് തന്റെ പൂർവ്വികന്റെ രാജ്യം ഭരിക്കണമെന്നത് ന്യായമയ ആവശ്യവുമായിരുന്നു. --> അമ്മയും, അമ്മയുടെ അമ്മയായ അയ്സാൻ ദൌലത്ത് ബീഗവും അദ്ദേഹത്തിന്റെ ചെറുപ്പകാലത്തെ രാഷ്ട്രീയ ചിന്തകൾക്ക് സ്വാധീനം ചെലുത്തിയിരുന്നു.

പോരാട്ടങ്ങൾ

[തിരുത്തുക]

സമർഖണ്ഡിനും ഫർഗാനക്കും വേണ്ടിയുള്ള ആദ്യകാലപോരാട്ടങ്ങൾ

[തിരുത്തുക]
ബാബറിന്റെ പ്രധാന ശത്രുവും, ഷൈബാനി രാജവംശത്തിലെ പ്രധാനിയുമായിരുന്ന മുഹമ്മദ് ഷൈബാനി ഖാൻ

1494-ൽ തന്റെ പന്ത്രണ്ടാം വയസുമുതലേ, പൂർവികൻ തിമൂറിന്റെ തലസ്ഥാനമായിരുന്ന സമർഖണ്ഡും കുറഞ്ഞ പക്ഷം തന്റെ തലസ്ഥാനമായിരുന്ന ഫർഗാനയെങ്കിലും തിരിച്ചുപിടിക്കാനായി ബാബർ ഉസ്ബെക്കുകളോട് യുദ്ധത്തിലേർപ്പെട്ടുകൊണ്ടിരുന്നു. രണ്ടു വട്ടം, തന്റെ തലസ്ഥാനമായ അന്ദിജാനിലെത്താനും, 1497-ൽ ഏഴു മാസത്തെ യുദ്ധത്തിനുശേഷം കുറച്ചു മാസക്കാലത്തേക്ക് സമർഖണ്ഡ് പിടിക്കാനും ബാബറിന് സാധിച്ചെങ്കിലും ഉസ്ബെക്ക് പട പിന്നീടിവരെ തുരത്തി.[6] 1503 ലും സമർഖണ്ഡ് പിടിച്ചെടുക്കാൻ ബാബർ ശ്രമം നടത്തി.

അവസാനം സ്വന്തക്കാരനായ തന്ബാലും ഉസ്ബെക്കുകളുടെ ഷൈബാനി വംശത്തിലെ ഷൈബാനി ഖാനും ചേർന്ന് യുദ്ധം ചെയ്ത് ഫർഗാനയുടെ തലസ്ഥാനമായ ആന്ദിജാനിൽ നിന്ന് ബാബറേയും കുടുംബത്തെയും പുറത്താക്കി.

പലായനം

[തിരുത്തുക]

1504-ൽ തന്റെ 22-ആം വയസിൽ ഉസ്ബെക്കുകളുമായുള്ള പോരവസാനിപ്പിച്ച് ഹെറാത്തിലെ ഭരണാധികാരിയും ബന്ധുവുമായിരുന്ന ഹുസൈൻ ബെഗ് ബെഖാറയോടോപ്പം ചേരാനായി, ഫർഘാനയിൽ നിന്നും കുറച്ച് കൂട്ടാളികളോടൊപ്പം ബാബർ യാത്ര തിരിച്ചു. സഹോദരന്മാരായ നാസർ, ജാഹാംഗീർ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഇതേ വർഷം ജൂൺ മാസത്തിൽ ബാബറും കൂട്ടരും ഓക്സസ് കടന്ന് ഹിന്ദുകുഷിന് വടക്കുള്ള കാഹ്മേർദ് താഴ്വരയിലെത്തി. ഇവിടെ വച്ച് ഹിസാറിലെ രാജാവിന്റെ കുറേ അനുചരന്മാരും ബാബറിന്റെ സഖ്യത്തിലെത്തി. ഇതോടെ തന്റെ പദ്ധതികൾ പുനരാവിഷ്കരിച്ച് ബാബർ, ക്വിപ്ചാക് ചുരം വഴി ഹിന്ദുകുഷിന് തെക്കോട്ട് കടന്ന് കാബൂളിലെത്തി.[6]

കാബൂൾ പിടിച്ചടക്കുന്നു

[തിരുത്തുക]

കാബൂൾ ഭരണാധികാരിയായിരുന്ന ബാബറിന്റെ അമ്മാവൻ ഉലൂഘ് മിർസ 1501/2-ൽ മരണമടഞ്ഞു. അദ്ദേഹത്തിന്റെ പുത്രൻ അബ്ദ് അൽ റസാക്ക് അധികാരത്തിലേറിയെങ്കിലും കന്ദഹാറിലെ ഇൽഖാനികളിൽപ്പെട്ട അർഘുൻ കുടുംബത്തിൽ നിന്നുള്ള മുഖ്വിം, റസാക്കിൽ നിന്ന് അധികാരം പിടിച്ചെടുത്തു. 1504-ൽ ബാബർ ഇയാളെ തോൽപ്പിച്ച് കാബൂളിലെ ഭരണാധികാരിയായി. അഫ്ഗാനിസ്താന്റെ കിഴക്കും തെക്കുകിഴക്കും ഭാഗങ്ങളുടെ നിയന്ത്രണത്തിനായി, ബാബറും അർഘൂനുകളും പിന്നീടും വളരെക്കാലം പോരാടി.[4].

ഈ യുദ്ധത്തിനിടക്കാണ് തന്റെ വ്യക്തിത്വത്തെ സ്വയം തിരിച്ചറിഞ്ഞതെന്ന് ബാബർനാമ എന്ന സ്വന്തം ഓർമ്മക്കുറിപ്പിൽ ബാബർ പറയുന്നു. തന്റെ ഈ ഉദ്യമത്തിൽ സഹായിച്ച മലകളിലെ ഗോത്രവർഗ്ഗക്കാരുമായി വളരെ അടുത്തിടപഴകാൻ ഇടയായെന്നും അത് മനുഷ്യരെ പറ്റി കൂടുതൽ അറിയാൻ ഇടയാക്കിയെന്നും പറയുന്നു. കാബൂൾ തനിക്ക് ഒരു താൽകാലിക ഇടത്താവളം മാത്രമായിരിക്കുമെന്ന് അദ്ദേഹം വൈകാതെ മനസ്സിലാക്കി.

കാബൂൾ പിടിച്ചടക്കിയതിന് തൊട്ടുപുറകേ ബാബർ ഇന്ത്യയിലേക്ക് ഒരു ആക്രമണം നടത്തി. സാധനസാമ്രഗ്രികൾ എത്തിക്കുന്നതിലുള്ള അപര്യാപ്തതയും കാലാവസ്ഥാപ്രശ്നങ്ങളും മൂലം, ഈ ആക്രമണം അസഫലമായി. പിന്നീട് 1519 വരെ ഇന്ത്യയിലേക്ക് ആക്രമണത്തിന് അദ്ദേഹം മുതിർന്നില്ല.[6]

ഹെറാത്തിനും കന്ദഹാറിനും വേണ്ടിയുള്ള പോരാട്ടങ്ങൾ

[തിരുത്തുക]

1505-ൽ ബാബറിന്റെ അമ്മാവനായ ഹെറാത്തിലെ സുൽത്താൻ ഹുസൈൻ മിർസ (ഹുസൈൻ ബൈഖാറ) ആവശ്യപ്പെട്ട പ്രകാരം അദ്ദേഹത്തെ സഹായിക്കാനായി അവിടേക്ക് തിരിച്ചു. പല സമയങ്ങളിലും ബാബറിന്റെ സഹായഭ്യാർത്ഥനകൾ നിരസിച്ചിട്ടുള്ള ആളാണ് മിർസ. ബാബർ എത്തുന്നതിനു മുന്നേ തന്നെ അദ്ദേഹം മരിക്കുകയും ചെയ്തു. എന്നാൽ തന്റെ മറ്റു മാതുലന്മാർ ഷയ്ബാനി ഖാനോട് പിടിച്ച് നില്കാൻ കെല്പില്ലാത്തവരാണെന്നു മനസ്സിലാക്കിയ ബാബർ ഹെറാത്തിൽ തന്നെ നിലയുറപ്പിച്ചു. ഇക്കാലത്ത് അദ്ദേഹം സാഹിത്യകാര്യങ്ങളിൽ ശ്രദ്ധവയ്ക്കുകയും നഗരപരിഷ്കരണ രീതികൾ മനസ്സിലാക്കുകയും ചെയ്തു. ഉയ്ഗുർ എന്ന ചൈനീസ് വംശജനായ മീർ അലി ഷേയര് നവ്വായിയുമായി അടുപ്പത്തിലായി. അദ്ദേഹത്തിന്റെ ചഗതായി ഭാഷയിലെ പ്രവീണ്യത്തിൽ ആകൃഷ്ടനായാണ് തന്റെ ബാബർനാമഎഴുതാൻ ചഗതായ് ഭാഷ ഉപയോഗപ്പെടുത്തിയത്.

1507-ൽ ബാബർ കന്ദഹാർ പിടിച്ചെടുത്തു. അവിടെ തന്റെ സഹോദരൻ നസീർ മിർസയെ ഭരണമേൽപ്പിച്ച് അദ്ദേഹം കാബൂളിലേക്ക് തിരിച്ചു[4].

എന്നാൽ ഷൈബാനി ഖാൻ മാതുലന്മാരെ പ്രലോഭിപ്പിക്കുകയും വീണ്ടും ഉപജാപങ്ങൾ തുടങ്ങുകയും ചെയ്തതോടെ ബാബർ പിന്മാറാൻ നിർബന്ധിതനായി. 1509-ൽ കാബൂളിലേയ്ക്ക് തിരിച്ചു വന്നു. വന്ന പാടേ ഉസ്ബെക്കുകാർ ഷൈബാനി ഖാന്റെ നേതൃത്വത്തിൽഹെറാത്ത് പിടിച്ചെടുത്തു. ഇത് ബാബർ നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നു. ബന്ധു കൂടിയായ ഷൈബാനി ഖാന്റെ ഇത്തരം ഹീന നടപടികളെ പറ്റി ബാബർ നാമയിൽ പ്രതിപാദിക്കുന്നുണ്ട്.

ഹെറാത്ത് പിടിച്ച ഉസ്ബെക്കുകൾ തുടർന്ന് കന്ദഹാർ പിടിച്ചെടുക്കുകയും അർഘൂൻ കുടുബത്തെ വീണ്ടും ഭരണത്തിൽ പ്രതിഷ്ടിക്കുകയും ചെയ്തു. [4].

ഇക്കാലത്ത് സ്വന്തം മാതുലനും സൈന്യത്തിന്റെ ഒരു വിഭാഗത്തിന്റെ മേധവിയുമായ ഹൈദർ മിർസാ വിപ്ലവവുമായി ബാബറിനു നേരെ തിരിഞ്ഞെങ്കിലും ബാബർ പെട്ടെന്നുതന്നെ അത് അടിച്ചമർത്തി. ഇതെല്ലാം കാരണം സൈന്യത്തിന് ബാബറോടുളള മതിപ്പും ബഹുമാനവും ഇരട്ടിച്ചു.

ഷൈബാനി ഖാൻ വരുന്നെന്നറിഞ്ഞ് ബാബർ കാന്ദഹാറിൽ നിന്നും പിൻ‍വാങ്ങി. ഇവിടെയാണ് ജീവിതത്തിൽ ആദ്യമായി തന്നിൽ തന്നെ വിശ്വാസം നഷ്ടപ്പെട്ടത് എന്ന് അദ്ദേഹം എഴുതുന്നു. പിന്നീട് ഷാ ഇസമായിൽ ഒന്നാമൻ (പേർഷ്യയിലെ സഫവി സുൽത്താൻ) ഷൈബാനി ഖാനെ കൊല്ലുകയാണ് ഉണ്ടായത്.

വീണ്ടും സമർഖണ്ഡിലേക്ക്

[തിരുത്തുക]

ഷൈബാനി ഖാന്റെ മരണം, സമർഖണ്ഡ് സ്വന്തമാക്കാനുള്ള അവസാന അവസരമായി ബാബർ കരുതി. സഫവി സുൽത്താൻ ഇസ്മായിൽ ഒന്നാമനുമായി സന്ധി ചേരുകയും അദേഹത്തിന്റെ മേൽകോയ്മ അംഗീകരിക്കുകയും ചെയ്തു.[8] പകരം ഷാ, ഷൈബാനി ഖാൻ ഖാൻ ജയിലിലടച്ച ബാബറിന്റെ സഹോദരി ഖാൻസദയെ വിട്ടുകൊടുത്തു. ഷാ ബാബറിന് ഒരുപാടു സ്വത്തുക്കളും പണവും നൽകി; പ്രത്യുപകാരമെന്നോണം ബാബർ ഷായുടെ രീതിയിൽ വസ്ത്രധാരണം ചെയ്യാനും ഷിയാക്കളുടെ രീതികൾ പിന്തുടരുവാനും തുടങ്ങി. [അവലംബം ആവശ്യമാണ്]. പള്ളിയിൽ വാങ്ക് വിളിക്കുന്നതും ഷായുടെ പേരിലായിരുന്നു. സമർഖണ്ഡിലെത്തിയ ബാബർ, പേർഷ്യക്കാരുടെ സഹായത്തോടെ നഗരം അധീനതയിലാക്കി. എന്നാൽ ഷിയാക്കളായ പേർഷ്യക്കാരുമായുള്ള സുഹൃദ്ബന്ധം അധികകാലം നീണ്ടില്ല. ഷാ ഇസ്മായിൽ മുന്നോട്ടുവച്ച നിബന്ധനകൾ, ബാബറിന് തന്റെ സുന്നികളായ ജനങ്ങളുടെ താല്പര്യത്തിനൊപ്പം നടത്തിക്കൊണ്ടുപോകാൻ പറ്റാത്തവിധം അസൗകര്യമുള്ളതായിരുന്നു. അതുകൊണ്ട് പേഷ്യകാരുമായുള്ള ബന്ധം ബാബർ ഉപേക്ഷിച്ചു. ഇതിനെത്തുടർന്ന് ഉസ്ബെക്കുകൾ വീണ്ടും ആക്രമിക്കുകയും ബാബറിന് സമർഖണ്ഡ് ഉപേക്ഷിച്ച് 1514-ൽ വീണ്ടും കാബൂളിലേക്ക് മടങ്ങേണ്ടിവരുകയും ചെയ്തു.[6]

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക്

[തിരുത്തുക]
ഹസാറ യും അയൽ രാജ്യങ്ങളും

ഫർഘാന കൈയെത്തും ദൂരത്തായിട്ടും അത് കിട്ടാതെ പോയത് അല്ലാഹു തനിക്കു സമ്മാനിച്ച വരമാണ് എന്നാണ് ഇന്ത്യ കീഴടക്കിയ ശേഷം ബാബർ എഴുതിയത്. അത്രക്കും മോഹിപ്പിക്കുന്നതായിരുന്നു അത്. ഉസ്ബെക്കുകളുടെ അധിനിവേശം ഭയപ്പെട്ട ബാബർ ഇന്ത്യൻ ഉപഭൂഖണ്ഡവും അതിലെ പരിതഃസ്ഥിതിയെയും കുറിച്ചു പഠിച്ചു വരികയായിരുന്നു.

ബാബർ ഇതിനകം സയ്യിദ് രാജവംശത്തിന്റെ പൈതൃകം അവകാശപ്പെട്ടു തുടങ്ങി. ബാബറുടെ പൂർവികനായ തിമൂററിന്റെ ഒരു ഗവർണറായ ഖിസ്ർ ഖാനാണ് ദില്ലിയിലെ സയ്യിദ് സാമ്രാജ്യം സ്ഥാപിച്ചത്. 1451-ൽ ലോധി വംശജർ അധികാരമേറ്റെടുക്കും വരെ സയ്യിദ് വംശജരാണ് ദില്ലി ഭരിച്ചിരുന്നത്. തിമൂറിന്റെ രാജ്യഭാഗങ്ങൾ എല്ലാം തിരിച്ച് വേണം എന്ന് പറഞ്ഞ്ബ ഇബ്രാഹിം ലോധി ക്ക് ബാബർ ഒരു പരുന്തിനെ ദൂതന്റെ രൂപത്തിൽ അയച്ചു. എന്നാൽ ലോധി അനങ്ങിയില്ല. ബാബർ പതിയെ സൈന്യത്തെ കൂട്ടാൻ ആരംഭിച്ചു.

ചെഹെൽ ജീന (ചിൽജീന) മല

ബാബർ ആദ്യമായി ചെയ്തത് കന്ദഹാർ പിടിച്ചെടുക്കുകയായിരുന്നു, പക്ഷേ ഇതിനായി പ്രതീക്ഷിച്ചതിലും കൂടുതൽ സമയം ചെലവായി. മൂന്നുവർഷമെടുത്തു കാന്ദഹാറും അതിന്റെ തന്ത്രപ്രധാനമായ ഭാഗങ്ങളും കരസ്ഥമാക്കാൻ. 1522-ൽ ബാബർ അർഘൂനുകളെ അന്തിമമായി തോൽപ്പിച്ച് കന്ദഹാർ നിയന്ത്രണത്തിലാക്കി[ഖ]. ഈ വിജയത്തിന്റെ ഓർമ്മക്ക്, പുരാതന കന്ദഹാറിന്റെ പടിഞ്ഞാറു നിന്നും വേർതിരിക്കുന്ന ഖായ്തുൽ മലനിരയിൽ (Qaytul ridge) ഒരു ശിലാലിഖിതം രേഖപ്പെടുത്തി. ചെഹെൽ ജീന എന്നാണ് ഈ ചരിത്രസ്മാരകം ഇന്ന് അറിയപ്പെടുന്നത് (ചിൽജീന/ചിഹിൽജീന - Chilzina എന്നും ഈ മല അറിയപ്പെടുന്നു). നാൽപ്പത് പടികൾ എന്നാണ് ചെഹെൽ ജീന എന്ന പേരിനർത്ഥം. ബാബറുടെ പൌത്രൻ അക്ബറും ഈ ലിഖിതത്തിൽ വാചകങ്ങൾ കൂട്ടിച്ചേർത്തിട്ടുണ്ട്. മുൻപ് അശോകന്റെ കൽപ്പനയിൽ സ്ഥാപിക്കപ്പെട്ട ഗ്രീക്ക് അരമായ ശിലാശാസനത്തിന് അടുത്താണ് ചെഹെൽ ജീനയും നിലകൊള്ളുന്നത്[4].

കന്ദഹാറിനു ശേഷം, ഒളിഞ്ഞും തെളിഞ്ഞുമായി ചെറിയ ചെറിയ ആക്രമണങ്ങൾ ബാബർ, ഇന്ത്യക്കു നേരേ അഴിച്ചുവിട്ടു. ദൂരം കൂടുതൽ വേണ്ടിവന്നതിനാൽ ഇവയ്ക്കെല്ലാം ശക്തി കുറവായിരുന്നു. ഹസാറാ അസ്ഥാനമാക്കിയിരുന്ന ആര്യൻ വംശജരായിരുന്ന ഖക്കറുകളെ തോല്പിച്ച് ഫർവാല കീഴടക്കിയതു മുതൽ ഇന്ത്യയിലേയ്ക്കുള്ള പ്രവേശനം കൂടുതൽ സുസാദ്ധ്യമാവുകയായിരുന്നു. ഇതിനിടയിൽ ഓട്ടൊമൻ രാജാവായ സുൽത്താൻ സലിം ഒന്നാമൻ സഫവികളെ പരാജയപ്പെടുത്തിയിരുന്നു. അവർ യുദ്ധത്തിൽ അവതരിപ്പിച്ച തോക്കാണ് ഷാ ഇസ്മായിലിന്റെ പട്ടാളത്തെ കീഴ്പ്പെടുത്തിയത്. ബാബർ അധികം വൈകാതെ ഇത്തരം തോക്കുകൾ ഉപയോഗപ്പെടുത്താൻ ആരംഭിച്ചു.

ഇന്ത്യയിലേക്ക് പ്രവേശിക്കാൻ ഉത്സുകനായിരുന്ന ബാബറിന് അവിചാരിതമായി സാഹചര്യങ്ങൾ അനുകൂലമായി ഭവിച്ചു. ഇക്കാലത്ത് ആഭ്യന്തരകലഹങ്ങൾ കൊണ്ട് ദില്ലിയിലെ സുൽത്താൻ ഇബ്രാഹിം ലോധി, പ്രശ്നത്തിലായിരുന്നു. ഇബ്രാഹിം ലോധിക്കെതിരെയുളള പോരാട്ടത്തിൽ തന്നെ സഹായിക്കണമെന്ന അഭ്യർത്ഥനയുമായി പഞ്ചാബ് പ്രവിശ്യയുടെ ഗവർണർ, ദൗലത് ഖാൻ ബാബറെ സമീപിച്ചു[9]. സന്ദർഭം മുതലെടുക്കാൻ ബാബർ ഒട്ടും വൈകിച്ചില്ല. ബാഗ് ഇ വാഫയിൽ (നിം‌ല) വച്ച് ഹുമായൂണിന്റെ നേതൃത്വത്തിൽ ബദാഖ്ശാനിൽ നിന്നുള്ള സൈന്യം, ബാബറിന്റെ സംഘത്തോടൊപ്പം ചേർന്നു. അന്ന് ബാബറിന്റെ നിയന്ത്രണത്തിലായിരുന്ന ബദാഖ്ശാനിൽ ഭരണം നടത്തിയിരുന്നത് ഹുമായൂൺ ആയിരുന്നു. ഡിസംബർ 16-ന് 12,000 പേരടങ്ങുന്ന സൈന്യം ചങ്ങാടത്തിൽ സിന്ധൂനദി കടന്നു. തൻറെ അഭ്യർത്ഥനയുടെ വരുംവരായ്കകളെക്കുറിച്ച് ദൗലത് ഖാൻ ബോധവാനാകുന്നതിനു മുമ്പ് ബാബർ, പഞ്ചാബ് സ്വന്തം കാൽക്കിഴിലാക്കി. നിരാശനും നിസ്സഹായനുമായ ദൗലത് ഖാൻ താമസിയാതെ മരണമടഞ്ഞു. പഞ്ചാബിലൂടെ കടന്നുപോകുന്ന വേളയിൽ, ലാഹോറിലെ മുൻകാല തുർക്കിഷ് ഭരണാധികാരികളിൽ ചിലരുടെ പിന്തുണയും ബാബർക്ക് ലഭിച്ചു.[6] ബാബറിന്റെ യാത്രയിൽ സൈന്യത്തിന്റെ അംഗസംഖ്യ കൂടിക്കൊണ്ടിരുന്നു. അതത് സ്ഥലത്തെ ചെറുകിട സൈന്യങ്ങൾ ഇവർക്ക് ഒപ്പം കൂടി. ആദ്യത്തെ യുദ്ധം നയിച്ചത് ബാബറിന്റെ മകൻ ഹുമായൂൺ ആയിരുന്നു. യുദ്ധസമയത്ത് ഹുമായൂണിന് 17 വയസ്സേ ഊണ്ടായിരുന്നുള്ളൂ.

ഇതേ സമയത്ത് ഇബ്രാഹിം ലോധി 100,000 വരുന്ന കാലാൾപ്പടയും 100 ഓളം ആനകളുമായി പട പുറപ്പെട്ടു.

ഒന്നാം പാനിപ്പത്ത് യുദ്ധം

[തിരുത്തുക]

ബാബറുടെ സൈന്യം ഇതിനോടകം വലുതായിക്കഴിഞ്ഞെങ്കിലും ലോധിയുടേതുമയി താരതമ്യം ചെയ്യുമ്പോൾ അത് നാലിലൊന്നേ വരുമായിരുന്നുള്ളൂ. 1526 ഏപ്രിൽ 21 ന് ഇന്ത്യയുടെ ചരിത്രം നിർണ്ണയിക്കുന്ന പാനിപ്പത്ത് യുദ്ധം നടന്നു, അതി ഘോരമായ യുദ്ധമായിരുന്നു നടന്നത്. തോക്കുക്കളുടെ ഉപയോഗം, ബാബറിന് മുൻ‍തൂക്കം നൽകി. അന്നു വരെ ആനകൾ ഇതിന്റെ ശബ്ദം പരിചയിച്ചിട്ടില്ലായിരുന്നു. തോക്കുകൾ ഉപയോഗിച്ച് ബാബറിന്റെ സൈന്യം ലോധിയുടെ പടയാനകളെ വിരട്ടി. വിരണ്ടോടിയ ആനകൾ ലോധിയുടെ സൈനികരെത്തന്നെ ചവിട്ടിമെതിച്ചു. ലോധി ഈ യുദ്ധത്തിൽ മരണമടഞ്ഞു. അതോടെ നാടുവാഴികളും സാമന്തന്മാരും ബാബറുടെ പക്ഷം ചേർന്നു. ഇന്ത്യാചരിത്രത്തിലെ വഴിത്തിരിവായ യുദ്ധമായിരുന്നു ഇത്. ബാബറിന്റെ യുദ്ധവൈഭവം വെളിപ്പെടുത്തുന്ന ഒന്നുമാണിത്.

യുദ്ധാനന്തരം, ലോധിയുടെ സ്വത്തും സമ്പാദ്യങ്ങളും കൊള്ളയടിക്കാതിരിക്കപ്പെടാനായി ഹുമയൂണിനെ പെട്ടെന്നുതന്നെ ലോധിയുടെ ആഗ്രയിലെ കോട്ടയിലേക്ക് അയക്കാൻ, ബാബർ ശ്രദ്ധിച്ചു. കോഹിനൂർ എന്ന ലോകോത്തര വജ്രം ഹുമായൂണിന് കിട്ടിയത് അവിടെ നിന്നാണ്. ഇത് ഗ്വാളിയോർ രാജാവിൻറേതായിരുന്നു. അദ്ദേഹം പാനിപ്പത്ത് യുദ്ധത്തിൽ മരിച്ചിരുന്നു. കുടുംബാംഗങ്ങൾ ഹുമായൂണിനോട് രക്ഷ അഭ്യർത്തിക്കുകയും അതിനു പകരമായി അവർ കോഹിനൂർ സമ്മാനിക്കുകയും ചെയ്തു.[അവലംബം ആവശ്യമാണ്]

ഇതേ സമയം ബാബർ ദില്ലിയും പിടിച്ചടക്കിയിരുന്നു.

ഖാന്വ യുദ്ധം

[തിരുത്തുക]

മേവാറിലെ രാജാവായിരുന്ന റാണാ സംഗ്രാമസിംഹനായിരുന്നു ബാബറിന്റെ അടുത്ത പ്രധാന എതിരാളി. ദില്ലിയുടെയും ആഗ്രയുടെയും വടക്കു പടിഞ്ഞാറുള്ള ഭൂവിഭാഗമായ ‘രജപുത്താനയാണ്’ അദ്ദേഹം ഭരിച്ചിരുന്നത്. ഇത് ഒരൊറ്റ രാജ്യം ആയിരുന്നില്ല. മറിച്ച് പല ചെറിയ രാജ്യങ്ങളുടെയും കൂട്ടായമയായിരുന്നു. രജപുത്രരായിരുന്ന രാജാക്കന്മാരെല്ലാം റാണായുടെ മേൽക്കോയ്മയംഗീകരിച്ചു ഭരിച്ചു പോന്നു.

ലോധിയുടെ സൈന്യം ബാബറിൽ ഏൽപ്പിച്ചിരിക്കാവുന്ന ക്ഷീണത്തെക്കുറിച്ച് ബോധവാന്മാരായിരുന്ന രജപുത്രർ, ബാബറെ കീഴ്പ്പെടുത്തി ദില്ലിയും തുടർന്ന് ഹിന്ദുസ്ഥാൻ മൊത്തവും കൈവശപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിച്ചു വരികയായിരുന്നു. ഇതിന് ഏതാണ്ട് 350 വർഷങ്ങൾക്കു മുൻപ് പൃഥ്വിരാജ് ചൗഹാൻ എന്ന രജപുത്രരാജാവിൽ നിന്ന് മുഹമ്മദ് ഗോറി‍പിടിച്ചെടുത്ത ദില്ലി തിരിച്ചുപിടിക്കാനുള്ള ഒരു സുവർണ്ണാവസരമാണിതെന്ന് രജപുത്രർ കണക്കുകൂട്ടി. കൂടാതെ ദില്ലിയിലെ ചൂടും സേനാനായകന്മാർക്കിടയിലുള്ള പടലപിണക്കങ്ങളും മൂലം ബാബറിൻറെ പല സൈനികരും മദ്ധ്യേഷ്യയിലെ തണുപ്പിലേയ്ക്ക് രക്ഷപ്പെടാൻ കൊതിച്ചിരിക്കുകയായിരുന്നു. ഇനിയൊരു യുദ്ധത്തെക്കുറിച്ച് ആലോചിക്കാൻ പോലും അവർ തയ്യാറായിരുന്നില്ല. എന്നാൽ തന്ത്രജ്ഞനായ ബാബർ സൈനികരിലേയ്ക്ക് മതഭ്രാന്ത് കടത്തിവിട്ടു. സ്വയം ഖാസി നേതാവ് എന്ന സ്ഥാനപ്പേർ സ്വീകരിച്ചു. ഇതു വരെ നേരിടേണ്ടിവന്നതിൽ നിന്നും വ്യത്യസ്തമായി മുസ്ലീം അല്ലാത്തവരോട് അഥവാ കാഫിറുകളോടാണ് പോരാടേണ്ടത് എന്ന് സൈനികരെ ഉത്ബോദിപ്പിക്കുകയും ഖുർ-ആൻ തൊട്ട് ആരും തിരിച്ചു പോകില്ലെന്നു സത്യം ചെയ്യിക്കുകയും ചെയ്തു. ഇങ്ങനെ മതത്തിന്റെ പേരിൽ സൈനികരുടെ സമരവീര്യം ആളിക്കത്തിച്ചു.

ആഗ്രയുടെ പടിഞ്ഞാറുള്ള ഖാന്വ എന്ന സ്ഥലത്ത് വച്ച് രജപുത്രരും ബാബറുടെ സൈന്യവും ഏറ്റുമുട്ടി. 1527 മാർച്ച് 17നു തുടങ്ങി. ബാബർ തന്റെ ഒരു ചെറിയ വിഭാഗം കാലാൾസൈന്യത്തെ ആദ്യം ഒരു പരീക്ഷണാടിസ്ഥാനത്തിൽ അയച്ചു. പക്ഷേ കാര്യമായ ഫലം ഇല്ലാതെ അത് അവസാനിച്ചു. ബാബർ തന്റെ യുദ്ധതന്ത്രങ്ങൾ ഒരോന്നായി പയറ്റാൻ തുടങ്ങി. അതിനായി ആദ്യം, യുദ്ധമല്ല സമാധാനമാണ്‌ താൻ കാംക്ഷിക്കുന്നത് എന്ന് ഒരു ദൂത് അയച്ചു. റാണാ തന്റെ സൈന്യാധിപനായ സിൽഹാദിയെ സന്ധിസംഭാഷണത്തിനായി നിയോഗിച്ചു. ബാബർക്ക്, സിൽഹാദിയെ ഒരു സ്വതന്ത്രരാജ്യം നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിക്കുവാൻ കഴിഞ്ഞത് ഒരു വഴിത്തിരിവായിക്കരുതുന്നു. സിൽഹാദി തിരിച്ചുവന്ന് ബാബർ യുദ്ധത്തിനാണ് താല്പര്യപ്പെടുന്നതെന്ന് ഉണർത്തിച്ചു. യുദ്ധം തുടങ്ങിയതും ഒരു വലിയ സേനയുമായി സിൽഹാദി മൈതാനം വിട്ടു.[അവലംബം ആവശ്യമാണ്]

സ്വന്തം സൈന്യത്തിലെ പല നാടുവാഴിനേതാക്കളും കാലുമാറ്റം നടത്തിയത് റാണായെ ക്ഷീണിപ്പിച്ചു. അദ്ദേഹം അഭിമാനത്തോടെ നിർഭയം പോരാടിയെങ്കിലും വ്രണിതനായി പിന്മാറേണ്ടി വന്നു. രണ്ടു വർഷം കഴിഞ്ഞപ്പോൾ അദ്ദേഹം മരണമടയുകയും ചെയ്തു. എന്നാൽ റാണയെ അദ്ദേഹത്തിന്റെ മന്ത്രിമാർ തന്നെ വിഷം കൊടുത്ത് കൊന്നതാണെന്നും പറയപ്പെടുന്നു. അതോടെ രജപുത്രർ തോൽവി സമ്മതിച്ചു കീഴടങ്ങി.തനിക്ക് വാർഷികക്കപ്പം നൽകി സ്വന്തം രാജ്യം നോക്കിനടത്താനുളള അവകാശം ( സാമന്തപദവി) അവർക്ക് ബാബർ നൽകി. ഇത് ഇന്ത്യാ ചരിത്രത്തിലെ നിർണ്ണായകമായ യുദ്ധങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു.

1528-ൽ മേദിനി റായുടെ കീഴിലായിരുന്ന ചന്ദേരിയും ബാബർ ആക്രമിച്ചു കീഴടക്കി[10][11].

ഗോഗ്രാ യുദ്ധം

[തിരുത്തുക]

1529-ൽ ഗൊഗ്രാ നദിക്കരയിൽ വച്ച് അവസാനമായി വെല്ലുവിളിയുയർത്തിയിരുന്ന പഷ്തൂൺ/ഘൽജി വംശജനായ മഹമ്മൂദ് ലോധിയെയും (ഇബ്രാഹിം ലോധിയുടെ സഹോദരൻ) അദ്ദേഹത്തിന്റെ ബംഗാളിലെയും ബീഹാറിലെയും സഖ്യത്തെയും ബാബർ പരാജയപ്പെടുത്തി. അങ്ങനെ ബാബർ, ഓക്സസ് മുതൽ ഗോഗ്രാ വരെയും ഹിമാലയം മുതൽ ഗ്വാളിയോർ വരെയും ഉള്ള സാമ്രാജ്യത്തിന്റെ അധിപനായിത്തീർന്നു.

അന്ത്യം

[തിരുത്തുക]
കാബൂളിലെ ബാഗ്-ഇ ബാബറിലെ, ബാബറിന്റെ ശവകുടീരം

നിരവധി വർഷങ്ങളിലെ തുടർച്ചയായ യുദ്ധങ്ങൾക്കൊടുവിൽ 1530 ഡിസംബർ 26-ന് ആഗ്രയിൽ വച്ച് തന്റെ 48-ആം വയസിൽ ബാബർ മരണമടഞ്ഞു. ആദ്യം ആഗ്രയിൽ ഖബറടക്കിയ അദ്ദേഹത്തിന്റെ ഭൗതികശരീരാവശിഷ്ടം, പത്തുവർഷങ്ങൾക്കുശേഷം അദ്ദേഹത്തിന്റെ ഇഷ്ടദേശമായ കാബൂളിലേക്ക് കൊണ്ടുപോകുകയും അവിടെ കുഹ് ഇ ഷീർ ദർവാസയുടെ പടിഞ്ഞാറൻ ചെരുവിൽ, ബാഗ്-ഇ ബാബർ എന്ന കുടീരത്തിൽ അടക്കം ചെയ്തു[4][ഗ].

കുറിപ്പുകൾ

[തിരുത്തുക]

^ . കടുവ എന്നാണ് ബാബർ എന്ന വാക്കിനർത്ഥം[4]

^ . അർഘൂനുകൾ തുടർന്ന് ഷാൽ പ്രദേശത്ത് (ഇന്നത്തെ പാകിസ്താനിലെ ക്വെത്ത) വാസമുറപ്പിച്ചു[4].

^ . 1646-ൽ ബാബറുടെ പിൻ‌ഗാമികളിലൊരാളായിരുന്ന ഷാജഹാന്റെ കാലത്ത് ബാബറുടെ ശവകുടീരത്തിനടുത്ത് ഒരു ചെറിയ മസ്ജിദ് പണികഴിപ്പിച്ചു. ഷാജഹാൻ ബൽഖിൽ ആധിപത്യം സ്ഥാപിച്ചതിന്റെ സ്മരണക്കായിരുന്നു ഈ മസ്ജിദ് നിർമ്മിച്ചത്. അമീർ അബ്ദുർ റഹ്മാൻ ഖാൻ ആണ് പിൽക്കാലത്ത് ബാബറുടെ ശവകുടീരം പുനരുദ്ധരിച്ചത്[4].

അവലംബം

[തിരുത്തുക]
  1. "എൻസൈക്ലോപീഡിയ ഇറാനിക്കയിൽ ബാബറിനെ പറ്റിയുള്ള ചരിതം". Archived from the original on 2007-10-13. Retrieved 2006-12-20.
  2. For the pre-modern era, see Vincent J. Cornell, Realm of the Saint: Power and Authority in Moroccan Sufism, ISBN 978-0-292-71209-6;
  3. for the colonial era, Knut Vikyr, Sufi and Scholar on the Desert Edge: Muhammad B. Oali Al-Sanusi and His Brotherhood, ISBN 978-0-8101-1226-1.
  4. 4.00 4.01 4.02 4.03 4.04 4.05 4.06 4.07 4.08 4.09 Vogelsang, Willem (2002). The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 215–216. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help); Text "14-Towards the Kingdom of Afghanistan" ignored (help)
  5. http://www.sscnet.ucla.edu/southasia/History/Mughals/Babar.html
  6. 6.0 6.1 6.2 6.3 6.4 6.5 6.6 William Kerr Fraser-Tytler (1953). "Part - I The Country of Hindu Kush , Chapter V - The Mogul Empire (1504-1747)". AFGHANISTAN - A study of political development in Central and Southern Asia - Second Edition. LONDON: Oxford University Press. pp. 34-37. {{cite book}}: Cite has empty unknown parameter: |coauthors= (help)
  7. 7.0 7.1 പ്രൊ: കെ. കുഞ്ഞിപ്പക്കി; പ്രൊ: പി.കെ. മുഹമ്മദ് അലി; ഇന്ത്യാ ചരിത്രം (രണ്ടാം ഭാഗം).ഏട് 3; കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, കേരള. 1987
  8. Sicker, Martin (August 2000). The Islamic World in Ascendancy: From the Arab Conquests to the Siege in Vienna, 189. ISBN 0-275-96892-8. “Ismail was quite prepared to lend his support to the displaced Timurid prince, Zahir ad-Din Babur, who offered to accept Safavid suzerainty in return for help in regaining control of Transoxiana. ”
  9. Nilakanta Sastri (1975). Advanced History of India- Second Edition. New Delhi: Allied Publishers Pvt.Ltd. Press. {{cite book}}: Cite has empty unknown parameters: |1= and |2= (help)
  10. Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 4, ISBN 817450724
  11. http://www.webindia123.com/history/MEDIEVAL/mughal%20period/mughal1.htm
"https://ml.wikipedia.org/w/index.php?title=ബാബർ&oldid=4116422" എന്ന താളിൽനിന്ന് ശേഖരിച്ചത്