ഡിപ്സകേസി
ഡിപ്സകേസി | |
---|---|
seedhead of Fullers' Teasel, Dipsacus fullonum | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | Dipsacaceae |
Genera | |
|
ഡിപ്സകേലിസ് (Diapsacales) ഗോത്രത്തിൽപ്പെടുന്ന സസ്യകുടുംബമാണ് ഡിപ്സകേസി. ഒമ്പതു ജീനസ്സുകളിലായി 160 സ്പീഷീസ് ഈ കുടുംബത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. മെഡിറ്ററേനിയൻ പ്രദേശങ്ങളിലും ഏഷ്യയുടെ വടക്കെ അതിർത്തിയിലും ആഫ്രിക്കയുടെ തെക്കൻ പ്രദേശങ്ങളിലും യൂറോപ്പിന്റെ വടക്കൻ ഭാഗങ്ങളിലും ഈ കുടുംബത്തിലെ അംഗങ്ങൾ ധാരാളമായി കാണപ്പെടുന്നു. ഇവയിലധികവും ഏകവർഷിയോ ബഹുവർഷിയോ ആയ ഓഷധികളാണ്; അപൂർവമായി ചെറിയ കുറ്റിച്ചെടികളുമുണ്ട്. ഇലകൾ സമ്മുഖമായോ അപൂർവമായി മണ്ഡലിതമായോ (whorled)[1] വിന്യസിച്ചിരിക്കും. അനുപർണങ്ങളില്ല.
രൂപവിവരണം
[തിരുത്തുക]തണ്ടിന്റെ അറ്റത്ത് ഹെഡ് അല്ലെങ്കിൽ പാനിക്കിൾ പുഷ്പമഞ്ജരിയായിട്ടാണ് പുഷ്പങ്ങളുണ്ടാകുന്നത്. സഹപത്രങ്ങൾ ബാഹ്യദളങ്ങൾ പോലെയുള്ള പരിചക്ര (involucre)മായി[2] രൂപപ്പെട്ടിരിക്കുന്നു. പുഷ്പങ്ങൾ ദ്വിലിംഗികളാണ്. ചിലയിനങ്ങളിൽ സഹപത്രം ചെറുതും നേർത്ത രോമങ്ങൾ പോലെ 5 മുതൽ10 വരെ ആയി വിഭജിക്കപ്പെട്ടതും ആയിരിക്കും. ദളങ്ങളുടെ ചുവടുഭാഗം യോജിച്ച് നാളാകൃതിയായിത്തീർന്നിരിക്കും. ഇത്തരത്തിലുള്ള സംയുക്ത ദളത്തിന്റെ അറ്റം നാലോ അഞ്ചോ പാളികളായി വിഭജിക്കപ്പെട്ടിരിക്കുന്നു. രണ്ടോ മൂന്നോ, നാലോ അഞ്ചോ കേസരങ്ങൾ ദളങ്ങൾക്കെതിരെയായി ദളങ്ങളുടെ വശങ്ങളിൽ ഒട്ടിച്ചേർന്നിരിക്കും (epipetalous).[3] അണ്ഡാശയം അധോജനിയാണ്; ഒരു ലോക്യൂളിൽ ഒരു അണ്ഡം മാത്രമേയുള്ളൂ. വാർത്തികാഗ്രം രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഒറ്റ വിത്തുമാത്രമുള്ള ഫലം ചിരസ്ഥായിയായ ബാഹ്യദളങ്ങൾ കൊണ്ടുള്ള മകുടത്തോടുകൂടിയതാണ്. വിത്തിൽ ബീജാന്നമുണ്ട്.
സാമ്പത്തിക പ്രാധാന്യം
[തിരുത്തുക]ഡിപ്സകേസി സസ്യകുടുംബത്തിലെ ടീസൽ (teasel) എന്ന പൊതുനാമത്തിൽ അറിയപ്പെടുന്ന ഡിപ്സക്കസ് (Dipsacus) ഇനം മാത്രമേ സാമ്പത്തിക പ്രാധാന്യമുള്ളതായിട്ടുള്ളൂ. ഇതിന് 12 സ്പീഷീസുണ്ട്. യൂറോപ്പ്, പടിഞ്ഞാറൻ ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലാണ് ഇവ കാണപ്പെടുന്നത്. ഇതിന്റെ പുഷ്പമഞ്ജരി വസ്ത്രനിർമ്മാണത്തിൽ തുണിയിലെ ഈർപ്പം മാറ്റി കട്ടിയാക്കിയെടുക്കുന്നതിന് ഉപയോഗിക്കുന്നു. സഹപത്രങ്ങളാണ് ഇതിന് ഏറെ സഹായകരമായിട്ടുള്ളത്. ഇപ്പോൾ ഇത് വ്യാപകമായി ഉപയോഗിക്കാറില്ലെങ്കിലും മേന്മയേറിയ തുണിത്തരങ്ങളുടെ നിർമ്മാണത്തിന് ഉപയോഗിച്ചു വരുന്നുണ്ട്. റോമാസാമ്രാജ്യകാലം മുതൽക്കേ ഇതു ഉപയോഗിച്ചു വന്നിരുന്നതായി രേഖകളുണ്ട്. ഇംഗ്ലണ്ടിൽ റിച്ചാർഡ് I-ന്റെ കാലം മുതൽ (1199) ഇത് കൃഷി ചെയ്തിരുന്നതായും വസ്ത്രനിർമ്മാണത്തിൽ ഉപയോഗിച്ചിരുന്നതായും രേഖപ്പെടുത്തിയിട്ടുണ്ട്.
ഡിപ്സകേസിയിലെ സ്ക്കാബിയോസ കോകാസിക്ക (Scabiosa caucasica)[4] എന്നയിനം അലങ്കാരസസ്യമായി നട്ടു വളർത്തപ്പെടുന്നു. സെഫലാറിയ സിറിയക്ക (Cephalaria syriaca)[5] വളരെ അപകടകാരിയായ കളസസ്യമാണ്.
ഡിപ്സകേസി കുടുംബം വലേറിയനേസി (Valerianaceae)[6] കുടുംബത്തോട് ബന്ധുത്വമുള്ളതാണ്.
ചിത്രശാല
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ http://www.ppdl.purdue.edu/ppdl/weeklypics/2-14-05.html Archived 2012-03-08 at the Wayback Machine. Whorled Leaves - The P&PDL Picture of the Week - Plant & Pest ...
- ↑ http://dictionary.die.net/involucre Archived 2013-08-31 at the Wayback Machine. involucre
- ↑ http://www.life.illinois.edu/help/digitalflowers/Flowers/39.htm Flowers
- ↑ http://www.telegraph.co.uk/gardening/howtogrow/3349645/How-to-grow-Scabiosa-caucasica.html How to grow: Scabiosa caucasica
- ↑ http://www.efloras.org/florataxon.aspx?flora_id=5&taxon_id=250064694 Cephalaria syriaca in Flora of Pakistan @ efloras.org
- ↑ http://www.britannica.com/EBchecked/topic/622101/Valerianaceae Valerianaceae (plant family) -- Britannica Online Encyclopedia
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- http://delta-intkey.com/angio/www/dipsacac.htm
- http://www.biomedcentral.com/1471-2148/11/325
- http://flora.huh.harvard.edu/china/mss/volume19/Flora_of_China_Volume_19_Dipsacaceae.pdf
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഡിപ്സകേസി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |