[go: up one dir, main page]

Jump to content

തോടർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തോടർ Toda
The Toda mund, from Richard Barron, 1837, View in India, chiefly among the Neelgherry Hills. Oil on canvas.
Total population
~1600
Languages
തോട ഭാഷ
Religion
Hinduism and non-traditional beliefs
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ
ബഡഗ, കോട്ട, തമിഴ്, മലയാളി
തോടരുടെ കുടിൽ

നീലഗിരി മലകളിൽ വസിക്കുന്ന ഇടയന്മാരായ ഒരു ജനസമൂഹമാണ്‌ ‌ തോടർ[1]. തുദർ, തുദവർ അഥവാ തൊദ എന്നും പറയാറുണ്ട്. [2] സന്യാസ വർഗ്ഗങ്ങൾ ആയ ഇവർ ഭിക്ഷയാചിച്ചും സ്വന്തമായുള്ള ആടുകളെയും പോത്തുകളെയും മേച്ചും ആയിരുന്നു‌ ജീവിച്ചിരുന്നത്. ഇവർ മറ്റുള്ള ആദിവാസികളെ അപേക്ഷിച്ച് വെളുത്ത നിറമുളളവരും ഉയരം കൂടിയവരുമാണ്‌. മഠം എന്നു വിളിക്കുന്ന ചെറിയ സുന്ദരമായ കൂരകളിലാണ്‌ പാരമ്പര്യമായി ഇവർ താമസിക്കുന്നത്. ഇവരിൽ തന്നെ വ്യത്യസ്തകാലങ്ങളിലായി കുടിയേറിയവർ വിവിധ ഗോത്രങ്ങളായി നിലകൊള്ളുന്നു. ഈ വർഗ്ഗക്കാർ മറ്റുള്ള ആദിവാസികളായ ബഡഗ, കുറുമർ എന്നിവരെക്കാൾ ബുദ്ധിശക്തിയുള്ളവരും ധൈര്യം ഉള്ളവരുമാണ്‌ എന്ന ബ്രിട്ടീഷുകാർ രേഖപ്പെടുത്തിയിരിക്കുന്നു. ഇവരുടെ ആചാരങ്ങളും മറ്റുള്ളവരിൽ നിന്നും തികച്ചും വ്യത്യസ്തമാണ്‌. [3] എന്നാൽ ഇന്ന് ഈ വർഗ്ഗം ഇന്ത്യയിലെ മറ്റേതു വർഗ്ഗക്കാരെയും പോലെ തന്നെ സാംസ്കാരികമായും സാമൂഹികമായും മാറിയിരിക്കുന്നു. ഇന്ന് അവരെ തിരിച്ചറിയാൻ പ്രത്യേക അടയാളങ്ങൾ ഒന്നും ഇല്ലാത്തവിധം മറ്റു വർഗ്ഗക്കാരുമായി ഒത്തുചേർന്നിരിക്കുന്നു. [4] ഫെറേറി എന്ന പോർച്ചുഗീസ് പുരോഹിതനാണ്‌ 1602-ൽ ആദ്യമായി തോഡരുമായി ബന്ധപ്പെട്ടത്[1]. ഡബ്ല്യു.എച്ച്.ആർ. റിവർസ് എന്ന കേംബ്രിഡ്ജിലെ നരവംശ ശാസത്രജ്ഞനാണ്‌ ആദ്യമായി തോടകളെ പറ്റി പഠിച്ചത്.

പേരിനുപിന്നിൽ

[തിരുത്തുക]

തമിഴിലെ തൊഴ എന്ന പദത്തിൽ നിന്നാണ്‌ (കാലിക്കൂട്ടം) തൊദവർ എന്ന നാമം നിഷ്പന്നമായതെന്നാണ്‌ റവ:ഡോ. പോപ് തന്റെ തുദഭാഷാവ്യാകരണഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നത്.

ചരിത്രം

[തിരുത്തുക]

മേഖലയിലെ മറ്റു ഗിരിവംശജരേക്കാൾ കൂടുതൽ വെളുത്ത നിറമുള്ള തോഡർ അലക്സാണ്ടറുടെ സൈനികരുടെ പിൻഗാമികളാണെന്നും വിശ്വസമുണ്ട്[1]‌.

പ്രത്യേകതകൾ

[തിരുത്തുക]

മറ്റുള്ള ആദിവാസികളുമായി താരതമ്യം ചെയ്താൽ വെളുത്തവരും ഉയരം കൂടിയവരുമാണ്‌. പുരുഷന്മാർക്ക് ശരാശരി അഞ്ചടി ഏഴിഞ്ചും സ്ത്രീകൾ അഞ്ചടി ഒരിഞ്ചും ഉയരം ഉള്ളവരാണ്‌. ഉറച്ച ശരീരവും വീതിയുള്ള തലയുമാണിവർക്ക്. പുരുഷന്മാരുടെ ശരീരം കൂടുതലും രോമാവൃതമാണ്‌. സ്ത്രീകൾ മുടി നീട്ടി വളർത്തി പിന്നിയിടുകയും അവയിൽ വെണ്ണ തേക്കുകയും ചെയ്യുന്നു. മറ്റുള്ളവരേക്കാൽ മികച്ചവരെന്ന ബോധം എപ്പോഴും അവർക്കുണ്ട്.

ഒറ്റപ്പെട്ട ജീവിതമാണ്‌ ഇക്കൂട്ടർ പിന്തുടരുന്നത്. മറ്റുള്ളവരുമായി ഒട്ടുതന്നെ ഇവർ ബന്ധപ്പെടാറില്ല. അരി, പാൽ, വെണ്ണ ,കാട്ടുകനികൾ, പച്ചക്കറികൾ എന്നിവ ആഹാരമാക്കുന്ന തോഡർ സസ്യഭുക്കുകളുമാണ്‌. [1].‍

സംസ്കാരം

[തിരുത്തുക]
ഒരു തോട പുരുഷൻ. പെൻ എടുത്ത ചിത്രം

ആയിരത്തിനടുത്തു വരുന്ന ഈ സമൂഹം തെക്കെ ഇന്ത്യയിൽ നീലഗിരി കുന്നുകളുടെ താഴ്വാരങ്ങളിലും പ്രാന്തപ്രദേശങ്ങളിലും കണ്ടു വരുന്നു. [5] [6]

തോടകൾ താർത്താർ, തേയ്‍വാളി എന്നിങ്ങനെ രണ്ട് വിഭാഗങ്ങൾ ഉണ്ട്. ഇത് തോടകളുടെ തന്നെ രണ്ട് വിഭിന്ന വർഗ്ഗങ്ങൾ വ്യത്യസ്ത സമയത്ത് കുടിയേറിയതിലൂടെ ഉണ്ടായതാണ് എന്നാണ് കരുതുന്നത്. ഇത് വീണ്ടും ചെറിയ ചെറിയ വിഭാഗങ്ങളായി തിരിഞ്ഞ് മഠങ്ങളിലായി മാറിത്താമസിക്കുന്നു.

കൃഷി ചെയ്യാത്ത വർഗ്ഗമായിരുന്നു ഇവർ. ഭിക്ഷയാചിക്കുകയും എരുമയെ വളർത്തുകയും അതിൽ നിന്നുള്ള പാലുകൊണ്ട് വെണ്ണ നെയ്യ് തുടങ്ങിയവ ഉണ്ടാക്കുകയും മാത്രമേ അവർ ചെയ്യൂ. ഇവരുടെ വിശ്വാസമനുസരിച്ച് പോത്തിനെ മേക്കലൊഴികെ മറ്റെല്ലാ ജോലികളും നിഷിദ്ധമാണ്‌[1]. അതിനാൽ എരുമയെ അവർ പാവനമായി കണക്കാക്കുന്നു. ഇതിൽ തന്നെ ചില എരുമകളെ പുരോഹിതന്മാർ മാത്രമേ സ്പർശിക്കുകയുള്ളൂ. ഈ പുരോഹിതന്മാരെ പാലോൾ എന്നാണ് വിളിക്കുക. പാലു സൂക്ഷിക്കുന്നത് പ്രത്യേകമായി ഉണ്ടാക്കിയ മഠത്തിലാണ്. ഇതിലാണ് എരുമയെയും കെട്ടുക. ഇത് ഒരു വിധത്തിൽ പറഞ്ഞാൽ തോടകളുടെ ക്ഷേത്രങ്ങളാണ്. പാലു കറക്കുകയും സൂക്ഷിക്കുകയും മറ്റും പൂജാദി ആചാരങ്ങളോടെയാണ് ചെയ്യുക. ഇത്തരം പാൽ സംഭരണി മഠങ്ങളുടെ പരിശുദ്ധത വ്യത്യസ്ത വിഭാഗങ്ങളിൽ വ്യത്യസ്ത നിലവാരത്തിലായിരിക്കും. ചിലതിനു മുന്നിൽ ഒന്നു മുതൽ അഞ്ചു വരെ മണികൾ തൂക്കിയിടാറുണ്ട്. എരുമകൾക്കും ഇത്തരം മണികൾ കാണാറുണ്ട്. ഇതിലെതന്നെ ഏറ്റവും വലിയ ക്ഷേത്രം സിഗൂർ ഘട്ടിലായിരുന്നു. ഇതിനെ വിദേശീയർ തോട കത്തീഡ്രൽ എന്നാണ് വിളിച്ചിരുന്നത്.

ബഹുഭർ‌ത്തൃത്വം ഇവർക്കിടയിൽ നില നിന്നിരുന്നു. എന്നാൽ അത് ഇന്ന് അപ്രത്യക്ഷമായിരിക്കുന്നു.


പോത്തുകളെ സം‌രക്ഷിക്കുന്നതിനാണ്‌ ദൈവം തോഡരെ സൃഷ്ടിച്ചതെന്നാണ്‌ ഇവരുടേ പരമ്പരാഗതവിശ്വാസം. ഇവരുടെ ഐതിഹ്യമനുസരിച്ച് മലഞ്ചെരുവിലെ ഒരു ഗുഹയിൽ നിന്ന് 1600 പോത്തുകൾ പ്രത്യക്ഷപ്പെട്ടുവന്നപ്പോൾ അതിൽ അവസാനത്തേതിന്റെ വാലിൽ തൂങ്ങിയാണ്‌ ആദ്യത്തെ തോഡവംശജൻ പ്രത്യക്ഷപ്പെട്ടത് എന്നും ഇവർ വിശ്വസിക്കുന്നു. ഉദയസൂര്യന്‌ അഭിവാദ്യമർപ്പിക്കുന്നതിന്‌ തോഡകൾ സൂര്യനെ നോക്കി അവരുടെ കൈയിലെ പെരുവിരലുകൾ മൂക്കിൽ അമർത്തിപ്പിടിച്ച് വിരലുകൾ വിടർത്തി നിൽക്കുന്നു.[1].

ജീവിതരീതിയും ആചാരങ്ങളും

[തിരുത്തുക]
ഒരു തോട സ്ത്രീ 1900 കളിൽ . എഡ്ഗാർ തഴ്സ്റ്റന്റെ ഗ്രന്ഥത്തിൽ നിന്നും

മണ്ട്/മുണ്ട് എന്നറിയപ്പെടുന്ന ചെറുഗ്രാമങ്ങളിലാണ്‌ തോഡർ ജീവിക്കുന്നത്. അഞ്ചോ ആറോ കുടിലുകളും, ഒരു അമ്പലവും, കാലികളെ സൂക്ഷിക്കുന്നതിനുള്ള ഇടം എന്നിവ ഇവിടെയുണ്ടാകും. നിരവധി നടപ്പാതകളും ഈ ചെറുഗ്രാമങ്ങളിൽ കാണുന്നു. അമ്പലത്തിലേക്കുള്ള പാതയാണ്‌ ഇതിൽ പ്രധാനം. ഈ അമ്പലം സാധരണ വീടുകളെ അപേക്ഷിച്ച് കുറേക്കൂടി വലിപ്പമുള്ളതായിരിക്കും[1].

പാർപ്പിടം

[തിരുത്തുക]

തോടകൾ ചെറിയ കുടിലുകളിലാണ്‌ പാരമ്പര്യമായി താമസിക്കുന്നത്. ഇവയ്ക്ക് അവർ മഠം എന്നാണ്‌ വിളിക്കുന്നത്. ഈ മഠങ്ങൾ നാലോ അഞ്ചോ ചെറിയ കുടിലുകൾ ഒന്നു ചേർന്നവയാണ്‌. അതിൽ വലിയ കുടിൽ പാൽ സംഭരിക്കുവാനും എരുമയെ കെട്ടാനുമായി ഉള്ളതാണ്‌. മഠങ്ങൾ പ്രകൃതി രമണീയമായ സ്ഥലത്തായിരിക്കും സാധാരണയായി സ്ഥാപിക്കുക.

ടോഡകളുടെ കുടിൽ ഒരു പ്രത്യേക രീതിയിൽ ആണ് ഉണ്ടാക്കിയിരിക്കുന്നത്, പാതി വീപ്പയുടേ ആകൃതിയിലാണ് ഇവ. ഏകദേശം 10 അടി ഉയരവും, 18 അടി നീളവും 9 അടി വീതിയുമാണ് ഈ വീടുകൾക്കുണ്ടാകുക. ഇതിന്റെ കവാടം വളരെ ചെറുതാണ്,അകത്തേക്ക് പ്രവേശിക്കണമെങ്കിൽ വളരെ കഷ്ടപ്പെട്ട് ഇഴയണം. വന്യമൃഗങ്ങളിൽ നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ കവാടം നിർമ്മിച്ചിരിക്കുന്നത്. ഈ വാതിലിനു പുറത്ത് രണ്ടു വശത്തും മണ്ണുകൊണ്ടുള്ള പീഠം ഉണ്ടാവും[അവലംബം ആവശ്യമാണ്]. വീടിനകത്ത് രണ്ട് ഉയർന്ന തറകൾ ഉണ്ടാവും. ഇത് ഉറങ്ങാനുള്ളതാണ്‌. തറ മണ്ണുകോണ്ടുള്ളതാണ്‌. ഇതിനു നടുക്കായി ധാന്യം പൊടിക്കാനുള്ള ചെറിയ കുഴി ഉണ്ട്. ഇത് കല്ലുകൊണ്ട് പാകിയിരിക്കും.

തൊടരുടെ വലിയ പള്ളി

വളച്ച മുളയെ, ചൂരൽ കൊണ്ട് അടുപ്പിച്ച് കെട്ടിയുറപ്പിച്ചാണ്‌ വീടിന്റെ ചട്ടക്കൂടുണ്ടാക്കുന്നത്. റാഗിപ്പുല്ലുകൊണ്ട് ഇതിനു മുകളിൽ കട്ടിയുള്ള മേൽക്കൂര മേയുന്നു. തടികൊണ്ടാണ്‌ വീടുകളുടെ മുൻവശം നിർമ്മിക്കുന്നത്. ഓരോ വീടിനു ചുറ്റും വെടിപ്പാക്കിയ മുറ്റവും മൂന്നടിയോളം ഉയരമുള്ള കൽഭിത്തിയോ മൺതിട്ടയോ ഉണ്ടാകും[1].

എന്നാൽ ഇന്ന് ഇവ എണ്ണത്തിൽ വളരെയധികം കുറഞ്ഞു വരുന്നു. തോടകൾ ആധുനികമായ വീടുകൾ സ്വായത്തമാക്കിയത് കുടിലുകളിൽ താമസിക്കുന്നവരുടെ എണ്ണം കുറച്ചിരിക്കുന്നു. എന്നാൽ ക്ഷേത്രങ്ങൾ ഇന്നും ഇതേ രീതിയിൽ തന്നെയാണ്‌ നിർമ്മിക്കുന്നത്.

ക്ഷേത്രങ്ങൾ

[തിരുത്തുക]
തോട ക്ഷേത്രം അഥവാ പാൽ സംഭരണി. ചുവരിലെ ആലേഖനങ്ങളിൽ നിന്നും വാതിലിന്റെ വലിപ്പത്തിലും ഇവ വ്യത്യസ്തമാണ്‌

പാലുമായി ബന്ധപ്പെട്ടതാണ് മിക്ക ആചാരങ്ങളും. ക്ഷേത്രമെന്ന പാൽ സംഭരണിയാണ് മഠങ്ങളിൽ വച്ച് വലുത്. ഇതിന് രണ്ട് മുറിയാണ് ഉണ്ടാവുക. ഒന്നിൽ എരുമയും മറ്റേതിൽ പുരോഹിതനും വസിക്കും. പാൽ കറക്കുവാനുള്ള വിവിധ പാത്രങ്ങൾ മുറിയിലുണ്ടാവും. പാലുകറക്കലും മറ്റും പാലോൾ എന്ന ഈ പുരോഹിതനാണ് നടത്തുക. കറക്കുന്ന സമയത്ത് ലങ്കോട്ടി മാത്രമേ ധരിക്കാവൂ. കറന്ന പാൽ മറ്റു പാത്രങ്ങളിലേക്ക് പകർന്ന ശേഷമേ സാധാരണക്കാർക്ക് കൊടുകൂ. അങ്ങനെ സാധാരണക്കാർ ഉപയോഗിക്കുന്ന പാത്രങ്ങൾ എരുമയുമായി സമ്പർക്കത്തിൽ വരാതെ സൂക്ഷിക്കും. ഒരു അരുവി ഇതിന്റെ ഉപയോഗത്തിനായി മാറ്റി വയ്ക്കും അത് മറ്റുള്ളവർ തൊടാൻ പോലും പാടില്ലാത്തതാണ്. സ്ത്രീകൾ ഈ ക്ഷേത്രങ്ങൾക്കടുത്ത് പോകുന്നതുപോലും നിഷിദ്ധമാണ്. പാലോളുമാർ ചന്തയിൽ പോവുന്നതും പെണ്ണുങ്ങളുമായി രമിക്കുന്നതും വിലക്കിയിരിക്കുന്നു. സാധാരണക്കാർ തിങ്കളാഴ്ചയും വ്യാഴാഴ്ചയും മാത്രമേ ഇയാളെ സന്ദർശിക്കാവൂ. താഴ്ന്ന ആൾക്കാർ ഇയാളെ തൊട്ടാൽ അശുദ്ധിയുണ്ടാവുകയും ചെയ്യും. നെയ്യ് വിറ്റു കിട്ടുന്ന വരുമാനമാണ് പാലോളിനുണ്ടാവുക. ഇതിനു പുറമേ തോഡരുടെ എല്ലാ ആഘോഷങ്ങളിലും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്‌ നെയ്യ്.

പുരോഹിതന്മാരെ നിയമിക്കുന്നതിനും ചടങ്ങുകൾ ഉണ്ട്. ക്ഷേത്രത്തിനുള്ള അരുവിയിൽ നിന്ന് കഴുകുയെന്നതാണ് അതിൽ പ്രധാനം. തുഡ്‍ര്, മുളി എന്നിങ്ങനെയുള്ള മരത്തിന്റെ ഇലയും ഇത്തരം പൂജക്ക് ആവശ്യമാണ്. 3, 7 എന്നീ അക്കങ്ങൾ പൂജയിലൂടനീളം ആവർത്തിക്കപ്പെടുന്നു. ചില അവസരങ്ങളിൽ പാലോൾ നഗ്നനായി കുറ്റിക്കാടുകളിൽ ഒന്നോ രണ്ടോ ദിവസം ചിലവഴിക്കേണ്ടതുണ്ട്. വേനൽക്കാലത്ത് പുല്ല് ഉണങ്ങുമ്പോൾ എരുമകളെ പുല്ല് സമൃദ്ധമായ മറ്റിടങ്ങളിലേക്ക് മാറ്റി താമസിപ്പിക്കാറുണ്ട്. ഇതിനു പോലും പ്രത്യേകം ചടങ്ങുകൾ നടത്തപ്പെടുന്നു.

ദൈവങ്ങൾ

[തിരുത്തുക]

ആരാധനയെക്കുറിച്ച് വിഹ്വലമായ കാഴ്ചപ്പാടാണ് തോടകൾക്കുള്ളത്. അവരുടെ ദൈവം അവരെപ്പോലെതന്നെ ജീവിക്കുകയും എരുമയെ വളർത്തുകയും ചെയ്യുന്ന ഒരാളാണ്. ദൈവം അദ്ദേഹത്തിന്റെ ക്ഷേത്രത്തിന്റെ ചുമതല പലോളിനെ ഏൽ‍പ്പിച്ചിരിക്കുന്നതായും അദ്ദേഹം മലയുടെ മുകളിൽ വസിക്കുന്നതായും അവർ വിശ്വസിക്കുന്നു. പല ഗോത്രങ്ങൾക്കും പല ദൈവങ്ങൾ ഉണ്ട്. ഇതിൽ പ്രധാനപ്പെട്ടത് ഓൻ എന്ന ദൈവവും അദ്ദേഹത്തിന്റെ സഹോദരിയായ തെയ്ക്കിഴി എന്ന ദൈവവും ആണ്. ഓൻ പിതി എന്ന ദൈവത്തിന്റെ മകനാണ്‌. പിതിയാണ്‌ മുന്ന് തോടകളെ ഭരിച്ചിരുന്നതെന്നും, 1600 എരുമകളെ മറ്റൊരുലോകത്തില്ല് നിന്ന് ഭൂമിയിലേക്ക് കൊണ്ടുവന്നും എന്നും അദ്ദേഹത്തിന്റെ ഭാര്യ 1800 എരുമകളേയും ഉണ്ടാക്കിയെന്നും ഇവറ്റകൾ ഇന്നത്തെ എരുമകളുടെ പുർവ്വികരാണ് എന്നുമൊക്കെ വിശ്വസിച്ചു പോരുന്നു. ഈ എരുമകളുടെ കൂടെയാണ് ആദ്യത്തെ തോട മനുഷ്യൻ ഭൂമിയിലെത്തിയത്. ഓൻ ആണ് തോട പെണ്ണിനെ സൃഷ്ടിച്ചത്. ഇതിനായി അദ്ദേഹം സ്വന്താം വാരിയെല്ല് ഉപയോഗിച്ചു എന്നത് ക്രിസ്ത്യാന്നികളുടെ വിശ്വാസവുമായി സാമ്യം പുലർത്തുന്നു. ഓൻ ന്റെ മകൻ മുങ്ങി മരിക്കുകയും ദുഃഖം താങ്ങാന്നാവാതെ അദ്ദേഹമ്മ് മറ്റേ ലോകത്തേക്ക് പോവുകയും അതിനുശേഷം തേയ്ക്കിഴി തോടകളെ ഭരിച്ചു എന്നും വിശ്വസിച്ചു വരുന്നു.

അവരുടെ സ്വന്തം ദൈവങ്ങളെ മാത്രമല്ല ഹിന്ദു ദൈവങ്ങളേയും തോടകൾ ആരാധിക്കാറുണ്ട്. എന്നാൽ ഇത് പ്രത്യേക അവസരങ്ങളിൽ മാത്രമാണ്. കുട്ടികളില്ലാത്ത ദമ്പതിമാർ ഇത്തരത്തിൽ ഹിന്ദു ദൈവങ്ങളെ ആരാധിക്കാറുണ്ട്.

മന്ത്രവാദവും മറ്റും

[തിരുത്തുക]

പാലു സംഭരണികളിലെ പാലോലിനു പുറമേ തോടകൾക്ക് പ്രവാചകന്മാരും, മായാജാലക്കാരും മാന്ത്രവാദി മരുന്നുകാരും ഉണ്ട്. ഇവർ മലയാളം പോലുള്ള ഭാഷ സംസാരിക്കുന്ന അന്യ ദേശക്കാരാണ്. കൂടോത്രവും മന്ത്രവാദവും മറ്റും ഇവർ ചെയ്യാറുണ്ട്. ദിവ്യശക്തിയുള്ള ചില തോട മന്ത്രവാദികളെ ബഡഗർ ക്ക് ഭയം ആണ്. ഇന്നും ഗുഡു എന്ന പേരിൽ ബഡഗർ തോടകൾക്ക് ദക്ഷിണ രൂപത്തിൽ കുറച്ച് നെല്ല് നൽക്കാറുണ്ട്.

കണ്ണുവയ്ക്കുന്നതിലും പുകഴ്ത്തി പയുന്നതിന്റെ ദൂഷ്യവശങ്ങളിലും മറ്റു മതക്കാരെപ്പോലെ തന്നെ ഇവരും വിശ്വസിക്കുന്നു. ദുർമന്ത്രവാദവും ചിലർ ആചരിക്കുന്നുണ്ട്.അസുഖങ്ങൾ മാറ്റുന്നതും ഇതേ രീതിയിൽ തന്നെയാണ്‌. വൈദ്യൻ എന്നു വിളിക്കുകന്നയാൾ വയറുവേദനക്കും മറ്റും ചികിത്സ നൽകാറുണ്ട്. വേദനയുള്ള ഭാഗത്ത് ഉപ്പു കൊണ്ട് തടവി അത് കുടിലിന്റെ മൂലക്ക് നിക്ഷേപിക്കയും മന്ത്രം ഉരുവിടുകയും മറ്റുമാണ്‌ വിധി.

കൂടുതൽ ശക്തി ലഭിക്കാനായി ഇവർ ആണ്ടിലൊരിക്കൽ എരുമകളേയൊ കിടാവിനേയോ ബലി കൊടുക്കുന്നു. ഇത് ചിലപ്പോൾ ദുർമന്ത്രവാദത്തിന്റെ രൂപത്തിലും നല്ല രീതിയിലും ആവാറുണ്ട്. എന്തായാലും സഹിക്കേണ്ടത് എരുമകൾ തന്നെ.

ഗർഭിണികൾക്കുള്ള ചടങ്ങുകൾ

[തിരുത്തുക]

തോട പെണ്ണ് ഗർഭിണിയായാൽ അഞ്ചാമത്തെ മാസം മുതൽ ചില ചടങ്ങുകൾക്ക് ശേഷം അവൾ കുടിലിന്നു ദൂരെയായി മറ്റൊരു കുടിലിൽ വേണം താമസിക്കാൻ. ഒരു മാസത്തോളം അവൾ ഇങ്ങനെ താമസിച്ചശേഷം പാലുകോണ്ട് കുളിച്ച് ശുദ്ധയായി തിരിച്ചു വരുന്നു. കത്തിച്ച തിരികൊണ്ട് അവൾ രണ്ടു കയ്യിലും പൊള്ളിക്കുകയും ചെയ്യുന്നു. അവൾ ഏഴാം മാസത്തിൽ അമ്പും വില്ലും കൊണ്ട് ഒരു ചടങ്ങ് നടത്തേണ്ടതുണ്ട്. അവൾ കൊച്ചിന്റെ അച്ഛൻ എന്ന് തന്റെ ഭർത്താക്കന്മാരിൽ നിന്നും തിരഞ്ഞെടത്ത് കാട്ടിലേക്ക് പോവുകയും അമ്പും വില്ലുകൊണ്ടു്ള്ള ചടങ്ങ് നടത്തുകയും ചെയ്യുന്നു.

ശവസംസ്കാരം

[തിരുത്തുക]

തോഡരുടെ ശവസംസ്കാരത്തിനൊപ്പം പോത്തുകളേയും ബലി കൊടുക്കുന്നു. മരിച്ചയാളുടെ ആത്മാവിനു പിന്നാലെ ഈ പോത്തുകളുടേയും ആത്മാക്കൾ സ്വർഗ്ഗത്തിലെത്തും എന്നാണ്‌ അവരുടെ വിശ്വാസം. നീലഗിരിയിലെ ഒരു കൊടുമുടിയായ മുകേർത്തിക്കപ്പുറത്താണ്‌ സ്വർഗ്ഗം എന്നാണ്‌ തോഡരുടെ വിശ്വാസം. ആദ്യകാലത്ത് നൂറോളം പോത്തുകളെ വരെ ഒറ്റയടിക്ക് ബലിനൽകാറൂണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഈ എണ്ണം വളരെ കുറഞ്ഞിട്ടുണ്ട്[1].

തോടകളുടെ ഭാഷയെക്കുറിച്ച് പല പഠനങ്ങളും നടന്നിട്ടുണ്ട്. അടിസ്ഥാനപരമായി ഇത് ഒരു ദ്രാവിഡ ഭാഷയിൽ നിന്ന് ജന്മം കൊണ്ട്താണ് [7]

വസ്ത്രധാരണം

[തിരുത്തുക]

ആണും പെണ്ണും രണ്ട് പുട്ട്ക്കുളി എന്നു വിളിക്കുന്ന മേൽ‌വസ്ത്രം ധരിക്കുന്നു. ഇത് മേട്ടുപ്പാളയത്താണ്‌ നെയ്യുന്നത്. വെളുപ്പിൽ നീലയും ചുവപ്പും തുന്നിച്ചേർത്ത അരികുകളുള്ള ഈ വസ്ത്രം തോളിനു ചുറ്റുമായി പൊതിയുന്ന രീതിയിലാണ്‌. ഇതേ പോലെ തന്നെയുള്ള കീഴ്വസ്ത്രവും ഉണ്ടായിരിക്കും. പുരുഷന്മാർ അടിവസ്ത്രമായി ലങ്കോട്ടി ധരിക്കുന്നു. രണ്ട് ഇഴയുള്ള പുട്‌കുളിക്ക് ഇടയിൽ വലിയ കീശയൂണ്ടാവും. ഈ വസ്ത്രങ്ങളിലും അവ കൂടുതൽ കാലം നിലനിൽക്കുന്നതിന്‌ വെണ്ണ തേയ്ക്കുന്നു[1].

ഇവർ തലയിൽ ഒന്നും ധരിക്കറില്ല. സ്ത്രീകൾ പച്ച കുത്തുന്നത് പതിവാണ്‌.


അവലംബം

[തിരുത്തുക]
  1. 1.00 1.01 1.02 1.03 1.04 1.05 1.06 1.07 1.08 1.09 HILL, JOHN (1963). "1-SOUTH INDIA". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. pp. 28–31. {{cite book}}: Cite has empty unknown parameter: |coauthors= (help)
  2. റവ:റോബർട്ട്., കാഡ്വെൽ. വിവർത്തനം-ഡോ. എസ്. കെ നായർ (ed.). ദ്രാവിഡ ഭാഷാവ്യാകരണം- ഒന്നാം ഭാഗം (2 ed.). തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. {{cite book}}: Cite has empty unknown parameters: |1=, |month=, |chapterurl=, |origdate=, and |coauthors= (help)
  3. ഡബ്ലിയു., ഫ്രാൻസിസ് (2001) [1908]. മദ്രാസ് ഡിസ്ട്രിക്റ്റ് ഗസറ്റീയർസ്- ദ നീൽഗിരീസ് (in ഇംഗ്ലീഷ്) (രണ്ടാം റീപ്രിന്റ് ed.). ന്യൂഡൽഹി: ജെ. ജെറ്റ്ലി-ഏഷ്യൻ എഡുക്കേഷണൽ സർ‌വീസസ്. ISBN 81-206-0546-2. {{cite book}}: Cite has empty unknown parameters: |origmonth=, |month=, |chapterurl=, |origdate=, and |coauthors= (help)
  4. "THE TRUTH ABOUT THE TODAS" (in ഇംഗ്ലീഷ്). ഫ്രണ്ട്‌ലൈൻ. 2004 ഫെബ്രുവരി 28. Retrieved 2007 ഏപ്രിൽ 12. {{cite news}}: Check date values in: |accessdate= and |date= (help)
  5. http://www.ooty.com/todas.htm
  6. http://links.jstor.org/sici?sici=0021-8715(195807%2F09)71%3A281%3C312%3AOPOSIT%3E2.0.CO%3B2-N
  7. http://www.phonetics.ucla.edu/appendix/languages/toda/toda.html

പുറം കണ്ണികൾ

[തിരുത്തുക]

Public Domain This article incorporates text from a publication now in the public domainChisholm, Hugh, ed. (1911). "article name needed. എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക (11th ed.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്. {{cite encyclopedia}}: Invalid |ref=harv (help)

"https://ml.wikipedia.org/w/index.php?title=തോടർ&oldid=3272484" എന്ന താളിൽനിന്ന് ശേഖരിച്ചത്